വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ; വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജീവനൊടുക്കി സഹോദരിമാർ


വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്. സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോഴാണ് മരണ വാർത്തയെത്തുന്നത്. ജോധ്പൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികമാരായ ശോഭ, വിമല എന്നിവരാണ് ജീവനൊടുക്കിയത്. ദീപ്‍ സിംഗ് എന്നയാളുടെ പെൺമക്കളാണ് ജീവനൊടുക്കിയത്. വിവാഹത്തിൽ പങ്കെടുക്കാനായി ബന്ധുക്കളും, അയൽവാസികളും വീട്ടിലേക്ക് എത്തുന്നതിനിടയിലാണ് സംഭവം. 

വിഷം കഴിച്ചാണ് ആത്മഹത്യയെന്നാണ് പോലീസ് വിശദമാക്കുന്നത്. മുറിയിൽ അവശനിലയിൽ കണ്ട സഹോദരിമാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളോ ആത്മഹത്യയിലേക്ക് എത്തിയതിന് സൂചനകളോ നൽകുന്ന ഒന്നും തന്നെ നിലവിൽ കണ്ടെത്താനായിട്ടില്ലെന്നതാണ് വീട്ടുകാരേയും, പോലീസിനേയും വലയ്ക്കുന്നത്. വിവാഹം വീട്ടുകാരുടെ നിബന്ധന മൂലമാണോയെന്ന ആശങ്ക ബന്ധുക്കളിൽ ചിലർ പങ്കുവച്ചിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസമായ വെള്ളിയാഴ്ച ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോധ്പൂരിലെ മനൈ ഗ്രാമത്തിലാണ് ഈ ദുരന്തമുണ്ടായത്. സംഭവത്തെ തുടർന്ന് ഗ്രാമം മുഴുവൻ ദുഖത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈകിയും വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടന്നിരുന്നുവെന്നും അർദ്ധരാത്രിയോടെ സഹോദരിമാർ ഇരുവരും ഉറങ്ങാനായി മുറിയിലേക്ക് പോയി. എന്നാൽ പുലർച്ചെ നാല് മണിയോടെ ഇവരുടെ ആരോഗ്യനില വഷളായി. തുടർന്ന് വീട്ടുകാർ ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് എഡിസിപി റോഷൻ മീണ വിശദമാക്കുന്നത്. 

ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ വീട്ടിലെത്തിച്ച ശേഷം, പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിക്കാൻ വീട്ടുകാർ ഒരുങ്ങി. എന്നാൽ വിവരമറിഞ്ഞ് പുലർച്ചെ ആറ് മണിയോടെ പോലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകൾ നിർത്തിവെപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എംജിഎച്ച് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരിമാർ വിഷം കഴിച്ച് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ

Previous Post Next Post