വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംഎൽഎമാരായ അൻവർ സാദത്തും സനീഷ് കുമാറും സ്‌പീക്കർ എ എൻ ഷംസീറിന്റെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്പീക്കറെ ഇരിപ്പിടത്തിൽ നിന്നുമാറ്റി.
പിന്നീട് സ്പീക്കർ ചെയറിലേക്ക് തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയാണ്. നിലവിൽ ഭരണപക്ഷ പ്രതിപക്ഷ എംഎൽഎമാർ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് സഭയ്ക്ക് ഇരുവശത്തായി നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്നുരാവിലെ സഭാ നടപടികൾ ആരംഭിച്ചതുമുതൽ സഭയിൽ സംഘർഷാവസ്ഥ തുടരുന്നുണ്ടായിരുന്നു. എന്നിട്ടും സ്പീക്കർ ചോദ്യോത്തരവേള നടത്താൻ അനുമതി നൽകുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം പ്രതിപക്ഷ അംഗങ്ങളിൽ നിന്നുണ്ടായത്. അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.