വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പാപ്പാട് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന മഹിളാ മന്ദിരത്തിന്റെ കെട്ടിടം ഉപയോഗശൂന്യമായിരുന്നു. 1990-95 കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതാണ്. എം.എൽ.എ യുടെആസ്‌തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി മഹിളാ മന്ദിരത്തിന്റെ നവീകരണത്തിന് 66.40 ലക്ഷം രൂപ അനുവദിച്ചിരുന്നു. മിനി കമ്മ്യൂണിറ്റി ഹാൾ, ഗ്രീൻ റൂം, ഓഫീസ് റൂം, 2 കടമുറികൾ, ശുചിമുറികൾ എന്നിവയോടു കൂടിയാണ് മഹിളാ മന്ദിരം പുനർ നിർമ്മിച്ചത്. മന്ത്രി വീണ ജോർജ്ജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. ഇതിൻ്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന സമയത്ത് വാഴോട്ടുകോണം കൗൺസിലർ സുഗതൻ സ്ഥലത്തെത്തി. ഇദ്ദേഹം തൊഴിലാളികളെ ഭീഷണിപ്പെടുത്തി പുറത്താക്കിയ ശേഷം പുതിയ താഴിട്ട് കെട്ടിടം പൂട്ടിയെടുക്കുകയും ചെയ്തെന്നാണ് ആരോപണം. ശേഷം കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗ്ഗവ് എന്നിവരെയും കൂട്ടാളികളെയും വിളിച്ചു വരുത്തി സംഘർഷം സൃഷ്ടിച്ചുവെന്നും എംഎൽഎ ആരോപിക്കുന്നു.
സാമൂഹ്യ നീതി വകുപ്പിന്റെ ഗ്രാന്റോടുകൂടി ബാലവാടി, നെയ്ത്തു പരിശീലന കേന്ദ്രം, തയ്യൽ പരിശീലന കേന്ദ്രം എന്നിവയാണ് മഹിളാ മന്ദിരത്തിൽ മുമ്പ് പ്രവർത്തിച്ചു വന്നിരുന്നത്. നവീകരണ പ്രവൃത്തികൾ പൂർത്തിയായ സാഹചര്യത്തിൽ കെട്ടിടം ഏറ്റെടുത്ത് കാലോചിതമായ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകിയിട്ടുണ്ട്. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 718 പദ്ധതികളിലൂടെ 1585.93 കോടി രൂപയുടെ വികസനം എത്തി. ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ അനാവശ്യ സംഘർഷം സൃഷ്ടിക്കുകയാണ് ബിജെപിയെന്നും ഇത് ബിജെപി അവസാനിപ്പിക്കണ മെന്നും വി.കെ പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു.