റീത്ത് വെച്ചതിന്റെ തുടർച്ചയോ? മന്ത്രിയെ കയ്യേറ്റം ചെയ്തത് തരംതാണ പ്രതിഷേധം, കോൺഗ്രസിനെതിരെ ഇടത് നേതാക്കൾ


കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയർത്തി സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ഹീന രാഷ്ട്രീയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ പ്രതികരിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത സംഭവമാണെന്നും, ഇതാണോ കോൺഗ്രസ് സംസ്‌കാരമെന്നുമാണ് ഇ പി ജയരാജൻ ചോദിച്ചത്. ഭീകരാക്രമണം പോലെ ആക്രമിക്കുന്നത് നികൃഷ്ടമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പി ജയരാജന്റെ പ്രതികരണം. ആസൂത്രിക ആക്രമണമാണ് ഉണ്ടയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 രാഷ്ട്രീയ മരാദ്യ ഇല്ലാത്ത, തരംതാണ പ്രതിഷേധം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. സോണിയ ഗാന്ധിക്ക് നേരെയാണ് ഇങ്ങനെ നടന്നത് എങ്കിലോ എന്നും ശിവൻകുട്ടി ചോദിച്ചു. വനിതാ മന്ത്രിയെ കായികമായി ആക്രമിച്ചിരിക്കുകയാണ് എന്നും റീത്ത് വെച്ചതിന്റെ തുടർച്ചയാണോ അപായപ്പെടുത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് കെ കെ രാഗേഷ് ആവശ്യപ്പെട്ടു. വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയത് ആക്രമണമാണെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. അക്രമ സമരങ്ങൾ കൊണ്ട് സർക്കാരിന്റെ ജനപിന്തുണ തകർക്കാനാവില്ലെന്നും ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നതിലെ ഭയമാണ് കോൺഗ്രസിനെ അക്രമത്തിലേക്ക് നയിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് സിപിഐഎമ്മും എല്ലാ അനുബന്ധ സംഘടനകളും അറിയിച്ചിട്ടുണ്ട്. കെഎസ്‌യു തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും, കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചിട്ടുണ്ട്.

Previous Post Next Post