പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ സ്വർണവും, പണവും കൈക്കലാക്കിയതായി പരാതി


കർണാടകയിലെ ധാർവാഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ സ്വർണവും, പണവും കൈക്കലാക്കിയതായി പരാതി. സംഭവം ചോദ്യം ചെയ്ത രക്ഷിതാക്കളെ അധ്യാപകനും, ഭാര്യയും ചേർന്ന് കള്ളക്കേസിലും കുടുക്കി. ഇതിനുപിന്നാലെ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ധാർവാഡിലെ വിദ്യാരണ്യ സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായ അഭിഷേകാണ് ആത്മഹത്യക്ക് ശ്രമിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിഷം കഴിച്ച നിലയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സ്കൂളിലെ അധ്യാപകൻ രാജശേഖറിനെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജശേഖർ, അഭിഷേകിൽ നിന്ന് 80 ഗ്രാം സ്വ‍ർണവും, പണവും തട്ടിയെടുത്തു എന്നാണ് വീട്ടുകാരുടെ പരാതി.

തെളിവായി കുട്ടി പലയിടങ്ങളിൽ വെച്ച്  സ്വർണവും ,പണവും കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും രക്ഷിതാക്കൾ പോലീസിന് കൈമാറി. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതറിഞ്ഞ വീട്ടുകാർ അഭിഷേകിനെ ചോദ്യം ചെയ്തതോടെയാണ് ഇത് അധ്യാപകന് കൈമാറിയ വിവരം പുറത്തുവന്നത്. തുടർന്ന് അഭിഷേകിന്റെ മാതാപിതാക്കൾ അധ്യാപകനെ ചോദ്യം ചെയ്തെങ്കിലും പണവും സ്വർണവും വാങ്ങിയിട്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ രാജശേഖർ അഭിഷേകിന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ കേസും നൽകി. ഇതോടെയാണ് അഭിഷേക് വിഷം കഴിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് പുറത്ത് അധ്യാപകൻ കുട്ടിയെ കണ്ടത് എന്തിനാണെന്നും കുട്ടിയുമായി ബൈക്കിൽ യാത്ര ചെയ്തത് എന്തിനാണെന്നും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Previous Post Next Post