അബുദാബി അബുദാബിയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ് ലേസർ ബോട്ട് സെയിലിങ്ങിൽ കമാൻഡർ അഭിലാഷ് ടോമിക്ക് വെങ്കലം. 35 വയസിൽ മുകളിലുള്ള കായിക താരങ്ങൾക്കായി അബുദാബി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കായിക മേളയാണ് ഓപ്പൺ മാസ്റ്റേഴ്സ‌്. ലേസർ ബോട്ടിൽ ഇന്ത്യയിൽ നിന്ന് കമാൻഡർ അഭിലാഷ് ടോമി മാത്രമാണ് പങ്കെടുത്തത്.
4 ദിവസം 12 റൗണ്ട് ബോട്ട് സെയിലിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. 45 പേർ മൽസരിച്ചതിൽ നിന്നാണ് അഭിലാഷ് ടോമി മൂന്നാമത് എത്തിയത്. ഇറ്റലിക്ക് സ്വർണവും യുഎഇക്കു വെള്ളിയും ലഭിച്ചു.