പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം ,


കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം . കടുവപള്ളി കെടിസിടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സൈദലിക്കാണ് ക്രൂരമർദ്ദനമേറ്റത്. മർദ്ദനത്തിൽ  കുട്ടിയുടെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. 

ഫെബ്രുവരി 22നായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ ശേഷം ശുചിമുറിയിലേക്ക് പോകുന്ന വഴിയിലാണ് സൈദലിക്ക് മർദ്ദനമേറ്റത് . പത്തോളം പ്ലസ് വൺ വിദ്യാർത്ഥികളാണ് സൈദലിയെ മർദ്ദിച്ചത് . അഞ്ച് മാസം മുൻപ് ഒരു ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ വൈരാഗ്യം സൂക്ഷിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥികൾ സൈദാലിയെ മർദ്ദിച്ചത്. ഏകദേശം അഞ്ച് മിനിറ്റോളം സൈദലിയെ വിദ്യാർത്ഥികൾ തല്ലി. ശബ്ദം കേട്ട് ഒരു അധ്യാപിക ഓടിയെത്തിയതോടെയാണ് പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദനം അവസാനിപ്പിച്ചത്. മർദ്ദനത്തിൽ സൈദലിക്ക് കൈയ്ക്കും,  തോളിനും,  കഴുത്തിനും അടക്കം പരിക്കുണ്ട്. മർദ്ദനത്തിൽ ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനാൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം .

 സംഭവത്തിൽ സ്‌കൂളിനെതിരെ രക്ഷിതാക്കൾ ആരോപണവുമായി രംഗത്തെത്തി. സ്‌കൂൾ അധികൃതർ വിഷയം മൂടിവെയ്ക്കാനാണ് ശ്രമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സൈദലിയെ മർദ്ദിച്ച  കുട്ടികളിൽ ഒരു കുട്ടിക്കെതിരെ മാത്രമായാണ് സ്‌കൂൾ അധികൃതർ നടപടിയെടുത്തത്  എന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതരും,  കുട്ടിയുടെ വീട്ടുകാരും കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകി.

Previous Post Next Post