
വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. കുളത്തിൽ വീണ ലോറി പൂർണമായും മുങ്ങി.
നാട്ടുകാർ രക്ഷപ്പെടുത്തിയ ലോറി ഡ്രൈവർ ജാഫറിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ക്ലീനർ മുസ്തഫയാണ് ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഫയർഫോഴ്‌സ്, പൊലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ലോറിയുടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാകാമെന്നാണ് വിലയിരുത്തൽ.