വിശദമായി ചോദ്യം ചെയ്തു; ഷിംജിത പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകളുമായി ഒത്തു നോക്കുമെന്ന് പോലീസ്


അപകീര്‍ത്തികരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം.  ഇന്ന് ഉച്ചയോടെയാണ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയെ വൈകിട്ട് അഞ്ച് മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ്  പോലീസ് കുന്ദമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പറയുന്ന ഷിംജിതയുടെ മൊബൈല്‍ ഫോണ്‍  പോലീസിനെ ഏല്‍പ്പിച്ചിരുന്നുവെന്നും,  ചോദ്യം ചെയ്യല്‍ നേരത്തെ തന്നെ നടത്തിയിരുന്നതായി റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണി വരെ ഷിംജിതയെ  പോലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി. ദീപക്കിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കോടതിക്ക് പുറത്ത് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞത്. 

കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച ഷിംജിതയെ മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യാവലി തയ്യാറാക്കിയിരുന്നു. ഷിംജിത ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകളുമായി ഒത്തു നോക്കുമെന്ന്  പോലീസ് അറിയിച്ചു.

Previous Post Next Post