
എംയ്‌സിന് വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലും ,കാസര്‍ഗോഡും അനുവദിച്ച മെഡിക്കല്‍ കോളജുകളും കൊല്ലത്ത് അനുവദിച്ച ഇഎസ്‌ഐ മെഡിക്കല്‍ കോളജും എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്ന് കേന്ദ്രമന്ത്രിയും, ബിജെപി കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സഹപ്രഭാരിയുമായ ശോഭ കരന്ദലജെ.
കേന്ദ്രബജറ്റിനെക്കുറിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന വിശദീകരണ പരിപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര പദ്ധതികളോടൊന്നും കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കാതെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു. കേന്ദ്ര ബജറ്റിന്റെ പേരില്‍ കേരളത്തില്‍ ഇരുമുന്നണികളും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നു.
ബജറ്റില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ എന്തെല്ലാമെന്ന് നിശ്ചയിക്കുന്നത് വരും നാളുകളിലാണ്. അതിനുള്ള ചര്‍ച്ചകള്‍ രാജ്യസഭയിലേയും, ലോക്‌സഭയിലേയും വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിങ് കമ്മറ്റികളില്‍ ഉള്‍പ്പെട്ട വിവിധ പാര്‍ട്ടികളുടെ എംപിമാര്‍ കൂടിയാലോചന നടത്തിയാണ് നിശ്ചയിക്കുന്നത്. മാര്‍ച്ച് അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോഴേ കേരളത്തിനെത്ര കിട്ടി, ഏതൊക്കെ പദ്ധതികള്‍ എന്ന് വിശദമായി അറിയാന്‍ പറ്റൂ.ഒരു സംസ്ഥാനത്തേയും ബജറ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ആദ്യം ഭൂമി നല്‍കിയവര്‍ക്ക് പദ്ധതികള്‍ ലഭിക്കും. കേരളത്തിന് ഈ വര്‍ഷം 26,500 കോടിയാണ് വിവിധ പദ്ധതികള്‍ക്കായി നല്‍കിയത്. 2025-26 വര്‍ഷത്തിലെ ബജറ്റില്‍ 27,382 കോടിരൂപയായിരുന്നു കേരളത്തിനു നല്‍കിയത്. ഈ വര്‍ഷം അത് 36,355 കോടിയായി. കേന്ദ്ര വായ്പ തുക 21,077 കോടിയാക്കി, മുന്‍വര്‍ഷത്തേക്കാള്‍ 23 % കൂടുതല്‍. എന്നിട്ടും കേരളം പറയുന്നത് കേന്ദ്രം അന്യായം കാണിക്കുന്നുവെന്നും അവഗണിക്കുന്നുവെന്നുമാണ്.
കേരളത്തില്‍ 7.76 ലക്ഷം ഏക്കര്‍ പ്രദേശത്ത് തെങ്ങുകൃഷിയുണ്ട്. ഹൈ ഡെന്‍സിറ്റി, ഹൈ ഈല്‍ഡിങ് തെങ്ങുകള്‍ കൃഷി ചെയ്യാന്‍ വന്‍ പദ്ധതിയും ധനസഹായവുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദായം നല്‍കാത്ത തെങ്ങുകള്‍ മാറ്റി പകരം കൂടുതല്‍ ആദായം നല്‍കുന്ന തെങ്ങുകള്‍ നടുന്നതാണ് പദ്ധതി. കേരളത്തിലെ 10,000 പേര്‍ക്ക് ആരോഗ്യ മേഖലയില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്. രാജ്യമെമ്പാടും ഒരുലക്ഷം പേരെ പരിശീലിപ്പിക്കും. കാര്‍ഷിക മേഖലയില്‍ ഫുഡ് പ്രോസസിങ് സംവിധാനം വിപുലമാക്കുകയാണ്.