യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: വിമാന സർവീസുകൾ താറുമാറായി; റോഡ് ഗതാഗതവും തടസ്സപ്പെട്ടു...



ദുബായ്  :  യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ താറുമാറായി. ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു‌. ചൊവ്വാഴ്‌ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മഞ്ഞിൽ കാഴ്ച്‌ചപരിധി ഏതാനും മീറ്ററുകളായി കുറഞ്ഞതാണ് ഗതാഗതത്തെ ബാധിച്ചത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനങ്ങൾ പലതും വൈകിയാണ് സർവീസ് നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മഞ്ഞ് കാരണം ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എമിറേറ്റ്സ് വക്താവ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഫ്ലൈ ദുബായുടെ ചില വിമാനങ്ങൾ വൈകിയപ്പോൾ മറ്റു ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എയർ അറേബ്യയുടെ ഉൾപ്പെടെ 28-ഓളം വിമാനങ്ങളെ മൂടൽമഞ്ഞ് ബാധിച്ചതായാണ് റിപോർട്ട്.
എയർ ഇന്ത്യ എക്സ‌്പ്രസ്,  
ഇൻഡിഗോ തുടങ്ങിയ വിമാനങ്ങളും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.


റോഡ് ഗതാഗതവും തടസ്സപ്പെട്ടു ഷാർജ, ദുബായ് എന്നിവിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. പലയിടങ്ങളിലും വാഹനങ്ങൾ വേഗം കുറച്ചാണ് സഞ്ചരിച്ചത്. വിമാനയാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ കൃത്യസമയമറിയാൻ എയർലൈനുകളുടെ വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നും സഹകരിക്കണമെന്നും വിമാനക്കമ്പനികൾ അഭ്യർഥിച്ചു

Previous Post Next Post