ബെവ്‌കോയുടെ സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച യുവാവിന്റെ സിസിടിവി ദൃശ്യം പുറത്ത് വിട്ട് ജീവനക്കാര്‍. കോഴിക്കോട് മുക്കത്തെ ഔട്ട്‌ലെറ്റിലാണ് മോഷണം സ്ഥിരീകരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും മോഷ്ടിച്ചതെന്ന് കരുതുന്ന യുവാവിന്റെ ഫോട്ടോയും ജീവനക്കാര്‍ പുറത്തുവിട്ടു.കഴിഞ്ഞ 20ാം തിയ്യതിയാണ് മോഷണം നടന്നത്. രാത്രി 8.45 ഓടുകൂടിയാണ് മോഷണം നടന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് എണ്ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്

പിന്നീട് കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നാണ് മോഷണത്തിന്റെ ദൃശ്യം ലഭിച്ചത്. 20ാം തിയ്യതി വെള്ളിയാഴ്ച സെല്‍ഫ് പ്രീമിയം കൗണ്ടറില്‍ എത്തിയ ഹാഷ് കളര്‍ ഷര്‍ട്ടും ഇളം നീല ജീന്‍സും ധരിച്ച യുവാവ് കൗണ്ടറന് സമീപം ഏറെ നേരെ ചിലവഴിക്കുകയും പിന്നീട് മദ്യക്കുപ്പി എടുത്ത് അരയില്‍ തിരുകുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. 1540 രൂപ വിലവരുന്ന മദ്യകുപ്പിയാണ് മോഷ്ടിക്കപ്പെട്ടത്. ബെവ്കോ ഉദ്യോഗസ്ഥര്‍ തെളിവ് സഹിതം മുക്കം പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്