യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം: ഒരു മരണം, 11 പേർക്ക് പരുക്ക്; സ്ഥിതി നിയന്ത്രണവിധേയം



അബുദാബി / ദുബായ് യുഎഇയിലെ പ്രമുഖ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഡ്രോൺ ആക്രമണശ്രമമുണ്ടായപ്പോൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവ തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ വീണാണ് ഏഷ്യൻ വംശജനായ ഒരാൾ മരിക്കുകയും ഏഴുപേർക്ക് പരുക്കേൽക്കുകയും ചെയ്തത്.

അബുദാബിയിലെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾ സ്‌ഥിതിഗതികൾ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും അബുദാബി എയർപോർട്ട്സ് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) കോൺകോഴ്സിലുണ്ടായ മറ്റൊരു അപകടവും ഉടൻ തന്നെ പരിഹരിക്കാൻ അധികൃതർക്കായി. ഇവിടെ നാല് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്, ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.

വിമാനത്താവളത്തിലെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഭൂരിഭാഗം ടെർമിനലുകളിൽ നിന്നും യാത്രക്കാരെ നേരത്തെ തന്നെ മാറ്റിയതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. അടിയന്തര വിഭാഗം സ്ഥലത്തെത്തി സ്‌ഥിതിഗതികൾ
ശാന്തമാക്കിയതോടെ വിമാനത്താവള പ്രവർത്തനങ്ങൾ സുരക്ഷിതമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
Previous Post Next Post