125 കിലോയോളം ഭാരമുള്ളയാൾ കിണറ്റിൽ ചാടി, തിരിച്ചുകയറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലം; അവസാനം..


പട്ടിമറ്റം ചെങ്ങരയിലെ നീറ്റുകാട്ടിൽ ഓമനയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയ 125 കിലോയോളം ഭാരമുളളയാളെ കോട്ടയം അതിരമ്പുഴ പുതുശ്ശേരി സ്വദേശിയെ പട്ടിമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്കാണ് മൂന്ന് അടി വെള്ളവും ഏകദേശം 12 അടി താഴ്ചയുമുള്ള കിണറ്റിലേക്ക് ഇയാൾ ചാടിയത്. കിണറ്റിൽ നിന്ന് ഇയാളെ പുറത്തെടുക്കാൻ ആദ്യം അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ശ്രമിച്ചുവെങ്കിലും 125 കിലോയോളം ഭാരമുള്ള ഇയാൾ കിണറ്റിൽ നിന്ന് കയറാൻ തയ്യാറായില്ല. പിന്നീട് അക്രമാസക്തനായി പെരുമാറുകയും ചെയ്തതോടെ സേനാംഗങ്ങൾ നേരിട്ട് കിണറ്റിലിറങ്ങുന്നതിൽ മടിച്ചു.

തുടർന്ന് കിണറ്റിലെ വെള്ളം പമ്പ് ചെയ്ത് കാലിയാക്കിയ ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഇയാളെ വലിച്ച് കയറ്റി. തുടർന്ന് ഇയാളെ കുന്നത്തുനാട് പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതായി കുന്നത്തുനാട് എസ്.എച്ച്.ഒ. എ.എസ്. അഭിലാഷ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ജോബി മാത്യു, ബെന്നി മാത്യൂസ്, കെ.കെ. ശ്യാംജി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ആർ. രതീഷ്, അഖിൽ ദേവ് ഷിജിൻ, അനിൽകുമാർ സനൂപ്, പി.എം. ഷാനവാസ്, സുനിൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post