
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരും ദിവസത്തെ ചര്‍ച്ചയിൽ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കും. ഈ മാസം 20ഓടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജെപി നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്‍ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജന സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. ചുവരെഴുതിയിൽ എല്ലാം സ്ഥാനാർത്ഥികൾ ആവില്ലെന്നും ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തൃശൂരിൽ ചുവരെഴുതിയതാണെന്നുമായിരുന്നു യോഗത്തിന് മുന്‍പായി പികെ കൃഷ്ണദാസ് പ്രതികരിച്ചത്