32കാരന് ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി, രാജ്യത്ത് ആദ്യം



ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് കഴിഞ്ഞ 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന 32 കാരനായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നൽകിയത്. ജീവൻ നിലനിർത്തിയിരുന്ന കൃത്രിമോപരണങ്ങൾ മാറ്റി സ്വാഭാവിക മരണം വരിക്കുന്നതിനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.

ജീവൻ രക്ഷാ ഉപകരണങ്ങൾ പിൻവലിക്കാൻ ജസ്റ്റിസ് ജെ ബി പർദിവാലയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് അനുമതി നൽകിയത്. മകന്റെ ജീവൻ നിലനിർത്തുന്ന എല്ലാ ചികിത്സകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ വൃദ്ധമാതാപിതാക്കളുടെ അപേക്ഷയിലാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യന്ത്രസഹായത്താൽ ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഡോക്ടർമാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.


2018 ലാണ് രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിനുശേഷം ദയാവധം അനുവദിച്ചുകൊണ്ടുള്ള ആദ്യ വിധിയാണിത്. ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിക്കുന്നത് മാന്യമായ രീതിയിലാകണമെന്ന് കോടതി നിർദേശിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണാണ് സാരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (പിഎസ് വി) അവസ്ഥയിലായി. കഴിഞ്ഞ 13 വർഷമായി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും, ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച PEG ട്യൂബുകൾ വഴി നൽകുന്ന ക്ലിനിക്കലി അഡ്മിനിസ്‌ട്രേറ്റഡ് ന്യൂട്രീഷൻ (CAN) മാത്രമാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Previous Post Next Post