ഡ്രോൺ ഉപയോ​ഗിച്ച് ഭർത്താവി​ന്റെ ചിതാഭസ്മം കടലിന് മുകളിൽ വിതറി 70 കാരിയായ ഭാര്യ; പിന്നിലെ കാരണം ഇത്..


ഭർത്താവി​ന്റെ ചിതാഭസ്മം ഡ്രോൺ ഉപയോ​ഗിച്ച് കടലിന് മുകളിൽ വിതറി 70 കാരിയായ ഭാര്യ. ഭർത്താവിന് അത് ഏറെ ഇഷ്ടമായിട്ടുണ്ടാകും എന്ന് ഭാര്യ. ലിങ്കൺഷെയറിലെ അൽഫോർഡ് സ്വദേശിനിയായ 70-കാരി ജെന്നി ഫോക്സ് ആണ് തന്റെ ഭർത്താവ് അലന്റെ ചിതാഭസ്മം ഡ്രോൺ ഉപയോ​ഗിച്ച് സ്കെഗ്നസ് കടലിൽ വിതറിയത്. കടൽത്തീരത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി അവർക്ക് മുകളിലൂടെ വട്ടമിട്ടു പറന്ന ഡ്രോൺ ചിതാഭസ്മം കടലിലേക്ക് ഒഴുക്കുകയായിരുന്നു. ‘വാക്കുകൾക്ക് അതീതമായിരുന്നു ആ അനുഭവം, അത് അത്രമേൽ മനോഹരമായിരുന്നു’ എന്നാണ് ജെന്നി ഇതേ കുറിച്ച് പറഞ്ഞത്.

ബ്ലാഡർ ക്യാൻസറും വൃക്കരോഗവും ബാധിച്ച് 2025 മെയ് മാസത്തിലാണ് അലൻ അന്തരിച്ചത്. റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ഒരു മത്സ്യത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. കിഴക്കൻ തീരത്തെ ബീച്ചുകളുമായി അദ്ദേഹത്തിന് വലിയ ബന്ധം തന്നെയുണ്ടായിരുന്നു. 40 വർഷത്തോളം നീണ്ട തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭൂരിഭാഗവും ലിങ്കൺഷെയർ തീരങ്ങളിലൂടെ നടക്കാനാണ് അവർ സമയം കണ്ടെത്തിയിരുന്നത്.

അലന് വിമാനങ്ങളോടുള്ള താൽപ്പര്യവും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും കണക്കിലെടുത്താണ് ചിതാഭസ്മം വിതറാൻ ഡ്രോൺ തിരഞ്ഞെടുത്തതെന്ന് ജെന്നി പറയുന്നു. ‘കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ എല്ലാവരെയും വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, ഈ ചിതാഭസ്മം വിതറിയത് അദ്ദേഹത്തിനുള്ള മാന്യമായ ഒരു വിടവാങ്ങലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷം ഓർമ്മപ്പെടുത്തുന്നതും ആയിരുന്നു’ എന്നും ജെന്നി പറഞ്ഞു.

ചിതാഭസ്മം ഇത്രയും കാലം ഒരു വാർഡ്രോബിനുള്ളിലായിരുന്നുവെന്നും, അവിടെനിന്ന് ഒടുവിൽ പുറത്തെത്തിയതിൽ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും ജെന്നി കൂട്ടിച്ചേർത്തു. കാറ്റടിച്ചാൽ ചിതാഭസ്മം സ്വന്തം ശരീരത്തേക്ക് വീഴാൻ സാധ്യതയുള്ളതിനാലാണ് തോട്ടത്തിൽ വിതറാതെ ഡ്രോൺ സഹായം തേടിയതെന്നും അവർ പറഞ്ഞു. ചിതാഭസ്മ വിതറിയ ‘ഏരിയൽ ആഷസ്’ (Aerial Ashes) ഉടമ മാറ്റ് യംഗ് പറയുന്നത്, ഇത്തരത്തിലുള്ള ചടങ്ങുകൾ വിയോഗത്തിന്റെ വേദനയിൽ കഴിയുന്നവർക്ക് വലിയ സമാധാനവും ആശ്വാസവും നൽകുന്നു എന്നാണ്.

Previous Post Next Post