സിസി മുകുന്ദന് ‘കൈ’ കൊടുക്കുന്നതിൽ ആശയക്കുഴപ്പം…സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി




ന്യൂഡൽഹി : സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ ദില്ലിയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. സഹകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സിസി മുകുന്ദനെ അറിയിച്ചു. കോണ്‍ഗ്രസിനോട് സഹകരിക്കാനുള്ള താൽപര്യം മുകുന്ദൻ നേതാക്കളെ അറിയിച്ചു. അതേസമയം, സിസി മുകുന്ദന് ‘കൈ’ കൊടുക്കുന്നതിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക എതിര്‍പ്പ് ശക്തമാണ്. ഇതിനാൽ തന്നെ പെട്ടന്നൊരു തീരുമാനത്തിലേക്ക് എത്താൻ കോണ്‍ഗ്രസിനായിട്ടില്ല.

ഇന്നലെയാണ് സിസി മുകുന്ദൻ എംഎൽഎ നെടുമ്പാശേരിയിൽ വിമാന മാർഗമാണ് ദില്ലിയിലേയ്ക്ക് പോയത്. മുകുന്ദൻ പോയത് പ്രാദേശിക നേതൃത്വത്തിന്റെ പ്രേരണയിലാണ്. അതേസമയം മുകുന്ദനെ വിളിപ്പിച്ചിട്ടില്ലെന്നും ആരും ചർച്ച നടത്താമെന്ന് അറിയിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം മറികടന്ന് മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നൽകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു.
Previous Post Next Post