കണ്‍മുന്നില്‍ അപകടത്തില്‍പെട്ടു പരുക്കേറ്റുകിടന്ന യുവാവിനു രക്ഷകനായി രാഹുല്‍ ഗാന്ധി.


പാമ്പാടി : കണ്‍മുന്നില്‍ അപകടത്തില്‍പെട്ടു പരുക്കേറ്റുകിടന്ന യുവാവിനു രക്ഷകനായി രാഹുല്‍ ഗാന്ധി. പാമ്പാടി കെകെ റോഡില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട കോട്ടലം ഒളശ്ശ ചാലശേരി വീട്ടില്‍ ജിത്തു എബ്രഹാം ജോര്‍ജി (37)നെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ട് 3 ന് കെകെ റോഡില്‍ പാമ്പാടി വട്ടമലപ്പടിയിലായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പാമ്പാടി ആര്‍ഐടി എന്‍ജിനീയറിംഗ് കോളജിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗം പൊതുയോഗ സ്ഥലമായ പാമ്പാടി ബസ് സ്റ്റാന്‍ഡിലേക്കു സ്ഥാനാര്‍ത്ഥിക്കൊപ്പം പോകുകയായിരുന്നു രാഹുല്‍ ഗാന്ധി. വാഹന വ്യൂഹം വട്ടമലപ്പടിയില്‍ എത്തിയപ്പോളാണ് റോഡില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജിതിനെ കാണുന്നത്. വയോധികന്‍ വട്ടം ചാടിയതു കണ്ട് വെട്ടിക്കുന്നതിനിടെ റോഡില്‍ മറിഞ്ഞു വീണ് പരുക്കേറ്റു കിടക്കുകയായിരുന്നു ജിതിന്‍. തൊട്ടടുത്ത മിനിറ്റില്‍ ഇതുവഴി വന്ന രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം ചോരയില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ട് നിര്‍ത്തി. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്ന ചാണ്ടി ഉമ്മനും വാഹനത്തില്‍ നിന്ന് ഇറങ്ങി ജിതിനു വേണ്ട പരിചരണം കൊടുത്തശേഷം ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ജിതിനെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ജിതിന്റെ വലതുകൈക്ക് സാരമായ പരുക്കുണ്ട്. പ്രവാസിയായ ജിതിന്‍ രാഹുല്‍ ഗാന്ധിയെ കാണാനായി പുതുപ്പള്ളിയില്‍ എത്തിയതാണ്.
Previous Post Next Post