ഫോൺ പേയുടെ വ്യാജ ആപ്പ് വഴി തട്ടിപ്പ്…. വടകര റെയിൽവേ സ്റ്റേഷനിൽ രണ്ട് യുവാക്കൾ പിടിയിൽ


        

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺ പേയുടെ വ്യാജ പതിപ്പ് നിർമ്മിച്ച് പണം തട്ടുന്നത് പതിവാക്കിയ രണ്ട് യുവാക്കളെ കോഴിക്കോട് സൈബർ ക്രൈം പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരാണ് വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്.

ഫോൺ പേയ്ക്ക് സമാനമായ ഇന്റർഫേസ് ഉള്ള വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പണം അയക്കാതെ തന്നെ ട്രാൻസാക്ഷൻ വിജയകരമായി നടന്നുവെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ ഈ ആപ്പ് വഴി നിർമ്മിക്കാൻ സാധിക്കും. വടകര റെയിൽവേ സ്റ്റേഷനിലെത്തിയ യുവാക്കൾ അവിടെയുണ്ടായിരുന്ന യുവതികളോട് പണം ആവശ്യപ്പെട്ടു. കയ്യിലുള്ള പണം നൽകിയാൽ പകരം ഓൺലൈനായി ഉടൻ തിരികെ അയക്കാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് യുവതികൾ പണം നൽകിയെങ്കിലും, വ്യാജ ആപ്പ് വഴി പണം അയച്ചതായി കാണിക്കുന്ന സ്ക്രീൻഷോട്ട് കാണിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികൾ ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സൈബർ ക്രൈം പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് വ്യാജ ആപ്ലിക്കേഷൻ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ ഇവർ മുൻപും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ സ്ക്രീൻഷോട്ടുകൾ മാത്രം വിശ്വസിക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Previous Post Next Post