ചിത്രം എനിക്ക് തരൂ, ഞാൻ മറുപടി അയക്കാം… പാലക്കാട്ട് ആരാധകരോട് മനസ്സ് തുറന്ന് പ്രധാനമന്ത്രി


പാലക്കാട്: പ്രസംഗത്തിനിടെ തന്റെ ചിത്രങ്ങളുമായി വന്നവരോട് ചിത്രം നൽകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രത്തിന് പിറകിൽ മേൽവിലാസം എഴുതി നൽകാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. താൻ മറുപടി കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തിയത്.


എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നു. ഒന്ന് അഴിമതിക്കാർ, മറ്റൊന്ന് വർഗീയവാദികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിശ്വാസം ബിജെപിയോടും എൻഡിഎയോടുമാണ്. കേരളത്തിൽ എൻഡിഎ-ബിജെപി സർക്കാർ വികസന കേരളം സൃഷ്ടിക്കുമെന്നും ഇത് മോദി ​ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


അതേസമയം, ഡീൽ ആരോപണം ഉൾപ്പടെ പരാമർശിച്ച് എൽഡിഎഫിനെയും യുഡിഎഫിനെയും മോദി വിമർശിച്ചു. കോൺഗ്രസ്‌ ആരോപിക്കുന്നു സിപിഐഎം ബിജെപിയുടെ ബി ടീം ആണെന്ന്. സിപിഐഎം ആരോപിക്കുന്നു കോൺഗ്രസിന്റെ ബി ടീം ആണ് ബിജെപി എന്ന്. രണ്ടു പേരും ഒന്ന് സമ്മതിച്ചിട്ടുണ്ട് കേരളത്തിൽ എ ടീം ബിജെപി ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഉന്നം വെക്കുന്നത് ബിജെപിയെയാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സകല അഴിമതിയിലും അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


രാജ്യത്തെ പല സംസ്ഥാങ്ങളിലും ഇന്ത്യാ സഖ്യമുണ്ട്. കേരളത്തിൽ മാത്രം പരസ്പരം മത്സരിക്കുന്ന ഇവരെ ജനങ്ങൾ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തെ വികസന ഭൂമിയായി മാറ്റുക എന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രം കോൺഗ്രസ്‌ ഭരിക്കുമ്പോൾ കേരളത്തിനു നൽകിയത്തിന്റെ അഞ്ചിരട്ടി ബിജെപി സർക്കാർ നൽകി. സകല മേഖലകളിലും ഫണ്ട്‌ അനുവദിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഇതു ശരിയായി വിനിയോഗിച്ചില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.


കേരളം ഇന്ന് അഞ്ച് ലക്ഷം കോടി രൂപയുടെ കടം കയറിയ അവസ്ഥയിലാണ്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കടം മൂന്നിരട്ടിയിലധികമായി. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി എന്ന് ചോദിച്ചാല്‍ എല്‍ഡിഎഫ് നേതാക്കളുടെ കീശയില്‍പ്പോയി എന്ന് പ്രധാനമന്ത്രി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ അഴിമതിക്കാർ മോഷ്ടിച്ച പണം തിരികെ പിടിക്കും. ഈ പണം കേരളത്തിന്റെ വികസനത്തിനായി ഉപയോ​ഗിക്കുമെന്ന് മോദി പറഞ്ഞു.

Previous Post Next Post