ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ തീ പിടിച്ച് പൂർണമായി കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല.
പുന്നപ്ര പറവൂർ കിഴക്ക് പൂന്തുരത്ത് കായലില്‍ കിടന്ന രണ്ടു ഹൗസ് ബോട്ടുകളാണ് വ്യാഴാഴ്ച രാവിലെ തീപിടിത്തത്തില്‍ കത്തിനശിച്ചത്.
ആദ്യം ഒരു ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. പിന്നീട് ഇതില്‍ നിന്ന് തൊട്ടടുത്തു കിടന്ന ഹൗസ് ബോട്ടിലേക്കും തീ പടരുകയായിരുന്നു. ഈ സമയം ഇതിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപെട്ടു.
ഇരുബോട്ടുകളിലുമുണ്ടായിരുന്ന സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തീ പിടിച്ചതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറുകളും പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം വർധിക്കാൻ കാരണമായത്.