കോട്ടയം കറുകച്ചാലിൽ ലോൺ കുടിശ്ശിക ചോദിച്ചെത്തിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട ഗൃഹനാഥൻ അറസ്റ്റിൽ, പിടിയാലായത് കങ്ങഴ പത്തനാട് സ്വദേശി




കറുകച്ചാൽ: ലോൺ കുടിശ്ശിക പിരിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. കങ്ങഴ വില്ലേജിൽ പത്തനാട് മീനിക്കുന്നേൽ വീട്ടിൽ മോഹൻദാസിനെയാണ് (58) കറുകച്ചാൽ സബ് ഇൻസ്പെക്ടർ വിഷ്ണു വി.വി. അറസ്റ്റ് ചെയ്തത്.  ഏപ്രിൽ 24-ന് വൈകിട്ട് 4.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസാഫ് ബാങ്കിന്റെ കളക്ഷൻ ഏജന്റായ സൗമ്യ മോൾ ലോൺ കുടിശ്ശിക ഈടാക്കുന്നതിനായി മോഹൻദാസിന്റെ വീട്ടിലെത്തിയിരുന്നു. കുടിശ്ശിക വരുത്തിയ പ്രതിയുടെ ഭാര്യയെ വിളിച്ചതിലുള്ള വിരോധം നിമിത്തം മോഹൻദാസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും, തുടർന്ന് വീട്ടിലെ കൂട്ടിൽ കിടന്നിരുന്ന നായയെ തുറന്നുവിടുകയുമായിരുന്നു.

 "കടിച്ചോടാ" എന്ന് പ്രതി ആക്രോശിച്ചതോടെ അക്രമാസക്തനായ നായ ഉദ്യോഗസ്ഥയെ ആക്രമിച്ചു. യുവതിയുടെ വലതുകാൽ മസിലിലും ഇടതുകാൽ പത്തിയിലും നായയുടെ കടിയേറ്റു. ഈ ക്രൂരമായ ആക്രമണം നടക്കുമ്പോൾ പ്രതി തടയാൻ ശ്രമിക്കാതെ നോക്കിനിൽക്കുകയായിരുന്നു.  സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 28-നാണ് യുവതി കറുകച്ചാൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസികളായ സാക്ഷികളുടെ മൊഴികളും സംഭവത്തിന്റെ ഗൗരവവും കണക്കിലെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post