.
ക്വീൻസ് ലാൻഡ്: ഷാർക്ക് ബേ, ഡെൻഹാം തുടങ്ങിയ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണമായ ചുവപ്പ് നിറമായിയെന്ന് റിപ്പോർട്ട്. നരെല്ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ശക്തിയിൽ ചുവന്ന മണ്ണും പൊടിയും അന്തരീക്ഷത്തിൽ നിറഞ്ഞതാണ് ഈ പ്രതിഭാസത്തിന് കാരണമായത്. സൂര്യനെ മറയ്ക്കുന്ന രീതിയിലുള്ള ചുവന്ന നിറമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
പകൽവെളിച്ചം അൽപനേരത്തേക്ക് ദൃശ്യമായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മിനിറ്റുകളോളം ഈ പ്രതിഭാസം നീണ്ടുനിന്നു. ഗാസ്കോയിൻ മേഖലയിലെ ഷാർക്ക് ബേ, എക്സ്‌മൗത്ത്, കാരത്ത തുടങ്ങിയ ഇടങ്ങളിലും ഈ പ്രതിഭാസം കണ്ടതായി പ്രദേശവാസികൾ അവകാശപ്പെടുന്നുണ്ട്.
നരെല്ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഒന്നിലധികം ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലൂടെയാണ് നരെല്ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ക്വീൻസ്ലാൻഡിലെ കേപ് യോർക്ക് ഉപദ്വീപിൽ മാർച്ച് 20ന് ആഞ്ഞടിച്ച ചുഴലിക്കാറ്റ് നോർത്തേൺ ടെറിട്ടറിയിലൂടെ നീങ്ങുകയും പിന്നീട് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ എത്തുന്നതിന് മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു.
മണിക്കൂറിൽ 200 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശിയിരുന്ന കാറ്റിന് പിന്നീട് തീവ്രത കുറഞ്ഞു. ചുവന്ന ആകാശമെന്ന പ്രതിഭാസം അസാധാരണമല്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. 2009ൽ സമാന സംഭവത്തിൽ സിഡ്‌നിയുടെ ആകാശം ഓറഞ്ച് നിറമായി മാറിയിരുന്നു. തീവ്രത കുറഞ്ഞെങ്കിലും നരെല്ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ജാഗ്രത തുടരണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.