കോഴിക്കോട് ഷാർജയിൽ കഫ്റ്റീരിയ ജീവനക്കാരനായ കോഴിക്കോട് താമരശ്ശേരി തച്ചംപൊയിൽ സ്വദേശി നഫാദ് (37) കുത്തേറ്റു മരിച്ചു. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കോഴിക്കോട് കൊടുവള്ളി കരുവംപൊയിൽ സ്വദേശി ഷമീറിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു.
നഫാദ് മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ കൊലപ്പെടുത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകൾ നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്.
ഉറങ്ങാൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും നഫാദ് വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണു ദേഹമാകെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ടെറസിലുണ്ടായിരുന്ന ഷമീറിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളാണെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം തിങ്കളാഴ്ച്‌ച നാട്ടിൽ എത്തിക്കാനാണു ശ്രമം. പരേതനായ ചാലക്കര ചാലപ്പടിക്കൽ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണു നഫാദ്. ഭാര്യ: ആരിഫ. മക്കൾ: ആദി, ഫാദി.