ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവർഷ ഉൽപ്പാദനശേഷി 400 കിലോ ടൺ ആണ്. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീൻ. ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമർ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു സഹായകമാകും.
റോഡ് അടിസ്ഥാനസൗകര്യമേഖലയിൽ രണ്ടു പ്രധാന ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവിൽ നിർമിച്ച ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ് ഇതിൽ ആദ്യത്തേത്. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസർഗോഡ്-കണ്ണൂർ ജില്ലകൾ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുൾപ്പെടെ, സമീപപ്രദേശങ്ങൾ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസർഗോഡ്, ബേക്കൽ, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കൽ തുറമുഖവുമായുള്ള ബന്ധം വർധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും..