തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയിൽ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്നും സംഘടന അടുത്തിടെ പിന്നോട്ട് പോയെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നു എന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ലെന്നാണ് മഠാതിപതിയുടെ പരാമർശം. തോൽക്കുന്ന മണ്ഡലങ്ങൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. എൽഡിഎഫിലും സ്ഥിതി സമാനമാണ്, എൽഡിഎഫ് മന്ത്രിസഭയിൽ ഒരു സമുദായത്തിൽപ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എൻഡിപി യോഗം ബോർഡിനെ ഹൈക്കോടതി അയോഗ്യനാക്കിയത്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറൽ സെക്രട്ടറി പദവിയിൽ നിന്നും നീക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.