നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞു. ‘എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ത്ഥിച്ചില്ല. നേമത്തെ പ്രത്യേക സാഹര്യം കൂടി കണക്കിലെടുക്കണം.
2016ല്‍ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 2021ല്‍ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലയാളുകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍, എല്‍ഡിഎഫാണ് ബിജെപിയെ നേരിടാന്‍ ശരിയായ രീതിയില്‍ മുന്നിട്ടിറങ്ങിയത് എന്ന് വരുമ്പോള്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും സഹായത്തിന്റെയോ ധാരണയുടെയോ ഭാഗമല്ല’, മുഖ്യമന്ത്രി പറഞ്ഞു.
എഫ്‌സിആര്‍എ വല്ലാത്ത ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. എന്നാല്‍ അതല്ല കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു വിഭാഗത്തില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണക്ക് കൊടുക്കാന്‍ വൈകിയാല്‍ സ്ഥാപനം പിടിച്ചെടുക്കുന്ന നിലയിലേക്ക് പോയാല്‍ എന്താവും സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.