സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ




മലപ്പുറം: മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ പോസ്റ്റിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിൽ. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാപ്പാ കേസ് പ്രതിയായ റോഷൻ, ഉത്തര്‍പ്രദേശ്, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ തന്ത്രപൂര്‍വം അങ്ങാടിപ്പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് സൂചന. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ മുഹമ്മദ് റോഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതോടെയാണ് ഇയാൾ ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി 31നാണ് മുഹമ്മദ് റോഷൻ പണം ആവശ്യപ്പെട്ടത്. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ സൈബർ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെ സാദിഖലി തങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു.
Previous Post Next Post