കൊല്ലത്ത് പട്ടാപ്പകൽ കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ…നിലവിളിച്ച് യാത്രക്കാർ….


കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ചില്ല് തകർക്കാനും ശ്രമിച്ചു. അലിമുക്ക് അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഒറ്റയാന്റെ പരാക്രമം. പുനലൂർ ഡിപ്പോയിൽ നിന്നും, അലിമുക്ക്, മുള്ളുമല വഴി അച്ചൻകോവിലേക്ക് പോവുകയായിരുന്നു ബസ്. ഈ സമയം ബസ്സിന്റെ മുന്നിലേക്ക് കാട്ടാന വരുകയായിരുന്നു.

മുന്നോട്ടുവന്ന ആനയെ കണ്ട് ഡ്രൈവർ ബസ് വശം ചേർത്ത് ഒതുക്കി നിർത്തി. മുന്നിലേക്ക് ആന എത്തിയതോടെ ബസ് പിന്നോട്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ പിന്തിരിയാതെ ആന ബസ്സിന്റെ മുന്നിലേക്ക് പാഞ്ഞടുത്തു കൊണ്ടേയിരുന്നു. കൊമ്പ് കൊണ്ട് ബസ്സിൽ കുത്തി ബസ് പിന്നോട്ട് നീക്കി. ഒടുവിൽ യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആന പിൻതിരിഞ്ഞു നടന്നു. ഇതോടെയാണ് യാത്രക്കാർ ആശ്വാസത്തിലായത്.

ആനക്ക് പിന്നിലായി ഇരുചക്രവാഹനങ്ങളിലും യാത്രക്കാരുമുണ്ടായിരുന്നു. ഇവരും തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊടമല ഭാഗം മുതൽ റോഡിലൂടെ ആന വരുകയായിരുന്നുവെന്ന് ബൈക്ക് യാത്രികർ പറഞ്ഞു. ഇതേ സ്ഥലത്ത് ആനയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രകോപനം ആദ്യമാണെന്ന് ബസ് ജീവനക്കാർ പറയുന്നു.

Previous Post Next Post