
ബന്ധുവിന്‍റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോയ നേരത്ത് തമിഴ്നാട് സ്വദേശികൾ താമസിച്ചിരുന്ന വാടക വീട് ഹിറ്റാച്ചി ഉപയോഗിച്ച് തകർത്തു. വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസിനും കമ്മീഷണർക്ക് പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല എന്നാണ് തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യയും പറയുന്നത്. മുരുകനും ഭാര്യ ശാന്തിയും 12 വർഷമായി തൃശൂർ കുരീച്ചിറ മാവേലി നഗറിൽ താമസിച്ച് വരുകയായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരി ചെയ്താണ് ഇവർ ജീവിക്കാനുള്ള മാർഗം കണ്ടെത്തുന്നത്. ‘താമസിക്കുന്നിടത്ത് ആരും ശത്രുക്കളില്ല. എല്ലാവരുമായും സൗഹൃദത്തിലാണ്, നല്ലവരായ നാട്ടുകാർ പലപ്പോഴും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്’ എന്നും മുരുകൻ പറയുന്നു.
എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 8 ന് ഇവരുടെ ബന്ധു അത്യാസന്ന നിലയിലായതിനെ തുടർന്ന് നാട്ടിലേക്ക് പോകേണ്ടിവന്നു. തൊട്ടടുത്ത ദിവസം ബന്ധു മരിച്ചതിനെ തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾക്കിടയിൽ തൃശ്ശൂരിൽ നിന്ന് ഇവർക്ക് ഒരു ഫോൺ കോൾ വന്നു. വീട്ടുവാടക കൈപ്പറ്റിയിരുന്ന ജോൺസന്‍റെ പെങ്ങൾ ആലിസ് ആയിരുന്നു ഫോൺ ചെയ്തത്. താങ്കൾ താമസിച്ചിരുന്ന കെട്ടിടം പൊളിച്ചു എന്നും വീട്ട് സാമഗ്രികൾ എല്ലാം പുറത്തേക്ക് ഇട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ എടുത്തുകൊണ്ടുപോകണം എന്നുമായിരുന്നു പറഞ്ഞിരുന്നത്. ഫെബ്രുവരി 9 ന് ആയിരുന്നു ഇത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇത്ര ദൂരം പെട്ടെന്ന് വരാൻ മുരുകനും ഭാര്യക്കും കഴിഞ്ഞില്ല.
ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, ചെറുതും വലുതുമായി ഇത്രകാലം സമ്പാദിച്ച ഞങ്ങൾക്ക് വിലയേറിയ സാമഗ്രികൾ, പൈതൃകമായി സൂക്ഷിച്ചു വെച്ചിരുന്ന തങ്ങളുടെ പാരമ്പര്യ വസ്തുക്കളും നഷ്ടപ്പെട്ടു എന്നാണ് മുരുകനും ഭാര്യയും പറയുന്നത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം ഫെബ്രുവരി 23 ന് വാടക സ്ഥലത്തേക്ക് തിരിച്ചുവന്നപ്പോൾ ഫോണിൽ പറഞ്ഞതിലും അപ്പുറമായിരുന്നു കാഴ്ചകൾ എന്നും ഇവർ പറയുന്നു. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു കെട്ടിടം തകർത്തത്. വീട്ടുസാധനങ്ങൾ ഉൾപ്പെടെ റോഡിലും തകർന്ന വീടിലുമായി ചിതറി കിടക്കുകയായിരുന്നു. ഒന്നും വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായി. എന്തുകൊണ്ട് തങ്ങളോട് ഇത് ചെയ്തു എന്ന് അറിയില്ലെന്നും അന്വേഷിച്ചപ്പോൾ വീട്ടുടമയുടെ മക്കളും മരുമക്കളുമാണ് ഇതെല്ലാം തകർത്തത് എന്നുമാണ് അയൽവാസികൾ പറഞ്ഞതെന്നും ഇവർ പറയുന്നു.