ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താത്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇസ്രയേൽ, ലെബനൻ പ്രതിനിധികൾ വാഷിങ്ടൺ ഡിസിയിൽ നേരിട്ട് ചർച്ച നടത്തിയെന്നും ഇതിന്റെ തുടർച്ചയായാണ് സമാധാന നീക്കമെന്നും ട്രംപ് വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ ശ്രമങ്ങൾ തുടരും. ഇതിനോടകം ലോകത്തെ 9 യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും, ഇസ്രയേൽ – ലെബനൻ വെടിനിർത്തൽ തന്റെ പത്താമത്തെ വിജയമാകുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.


വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഇറാനെതിരെയുള്ള നീക്കങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക. ഹോർമുസ് ഉപരോധം ശക്തമാക്കുമെന്നും ഇറാനെ സഹായിക്കുന്ന കപ്പലുകൾക്കെതിരെ കർശന സൈനിക നീക്കം നടത്തുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. “അമേരിക്ക കൂടുതൽ ശക്തിയോടെ തിരിച്ചുവരികയാണ്” എന്നാണ് അദ്ദേഹം പെന്റഗണിൽ വ്യക്തമാക്കിയത്.

അതിനിടെ, അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾക്കായി മതത്തെയും ദൈവത്തിന്റെ നാമത്തെയും ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയുധബലത്തിലൂടെയുള്ള സമാധാന നീക്കങ്ങളോടുള്ള വത്തിക്കാന്റെ വിയോജിപ്പാണ് മാർപാപ്പയുടെ വാക്കുകളിൽ പ്രതിഫലിച്ചത്