ചെരിപ്പ് ഗോഡൗണിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന…. 122 ഗ്രാം എം.ഡി.എം.എയുമായി അഞ്ചംഗ സംഘം പിടിയിൽ…. വിദ്യാർഥികൾക്കും വിൽപ്പന


കോഴിക്കോട്: ചെറുവണ്ണൂർ മധുരബസാറിൽ ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 122.72 ഗ്രാം എം.ഡി.എം.എയും ലഹരിവിൽപ്പനയിലൂടെ ലഭിച്ച 10,300 രൂപയും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഫറോക്ക് ചന്ത സ്വദേശി ആഷിക് വി. (31), കോഴിക്കോട് മുഖദാർ സ്വദേശി മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ സ്വദേശി ജാസിർ എ. (27), ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ജാസിർ കെ.ടി. (22), ഒളവണ്ണ സ്വദേശി മൻസൂർ പി.ടി. (36) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് ചെറുവണ്ണൂർ മധുരബസാറിൽ വെച്ച് പിടികൂടിയത്.

സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചെറുവണ്ണൂർ മധുരബസാറിലെ ചെരിപ്പ് ഗോഡൗണിൽ വെച്ച് ലഹരിമരുന്ന് ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് ഇവർ വിറ്റിരുന്നത്. ആവശ്യക്കാർക്ക് ഗോഡൗണിലിരുന്ന് തന്നെ ലഹരി ഉപയോഗിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. മയക്കുമരുന്ന് അളക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, ഉപയോഗിക്കാനുള്ള ഗ്ലാസ് ടംബ്ലറുകൾ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രതികളിൽ പലരും സമാനമായ മയക്കുമരുന്ന് കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Previous Post Next Post