നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം… വഞ്ചിയൂർ വാർഡിൽ ഓട ശുചീകരണം ഊർജ്ജിതമാക്കി മേയർ വി.വി. രാജേഷ്


തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത വെള്ളക്കെട്ടിന് പരിഹാരവുമായി തിരുവനന്തപുരം കോർപ്പറേഷൻ. വഞ്ചിയൂർ വാർഡിലെ വഞ്ചിയൂർ-ജനറൽ ആശുപത്രി റോഡിലെ ഓടകളിലെ തടസങ്ങൾ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങൾ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ്, സ്മാർട്ട് സിറ്റി എന്നിവയുടെ കീഴിലുള്ള റോഡുകളിലെ ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതിനാൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. റോഡരികിലെ വെള്ളം ഓടകളിലേക്ക് ഒഴുകിപ്പോകേണ്ട ദ്വാരങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ചെറിയ മഴയിൽ പോലും വലിയ വെള്ളക്കെട്ടാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. മറ്റ് വകുപ്പുകൾ നടപടിയെടുക്കുന്നത് കാത്തുനിൽക്കാതെ ശ്രീകണ്ഠേശ്വരം സർക്കിളിലെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നേരിട്ട് മണ്ണ് നീക്കം ചെയ്യാൻ ഇറങ്ങുകയായിരുന്നുവെന്ന് മേയർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഓടകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് വീണ്ടും മഴവെള്ളത്തിൽ ഒലിച്ചിറങ്ങാതിരിക്കാൻ ഉടനടി വാഹനമെത്തിച്ച് അവ നീക്കം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കണ്ണമ്മൂല വാർഡിൽ നടന്നതിന് സമാനമായി ഇന്നും ശുചീകരണ തൊഴിലാളികൾക്കൊപ്പം വി.വി. രാജേഷ് വഞ്ചിയൂർ വാർഡിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായി. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ ഇത്തരം യുദ്ധകാലാടിസ്ഥാനത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Previous Post Next Post