
കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ അധ്യാപകർ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ പരാതി നൽകി. കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്‌തികകളിൽ ജോലി ചെയ്യുന്നവർക്ക് എതിരെയാണ് കോളേജ് പ്രിൻസിപ്പലിനും പി.ജി ഗ്രീവൻസ് സെല്ലിനും വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. പരസ്യ അധിക്ഷേപങ്ങളും അവഹേളനവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടർന്ന് ചില വിദ്യാർത്ഥികൾ വിഷാദ രോഗത്തിലായെന്നും പരാതിയിൽ പറയുന്നു.
അധ്യാപികമാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി വിദ്യാർത്ഥികളായ 12 പേരാണ് പരാതിക്കാർ. മെഡിക്കൽ പി ജി അസോസിയേഷന്റെ നേതൃത്വത്തിലും വ്യക്തിപരമായും പരാതികൾ നൽകിയതായാണ് വിവരം. വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ പറഞ്ഞു.