
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റിരുന്നു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐ സി യുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ നില വഷളായി.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു സതീശൻ. കുടുംബപരമായി ഈ രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. അച്ഛന്റെ മരണശേഷം സതീശൻ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണം 15 ആയി.