മുണ്ടത്തിക്കോട് സ്‌ഫോടനം… മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം…. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു


തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇരയായവർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് അനുവദിക്കുക.

മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പൂർണ്ണമായും സൗജന്യ ചികിത്സ ഉറപ്പാക്കും. നിലവിൽ 10 പേർ ഐസിയുവിലാണ്, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. മോർച്ചറിയിലുള്ള 9 മൃതദേഹങ്ങളിൽ 6 എണ്ണം തിരിച്ചറിഞ്ഞു. കൂടുതൽ ശരീരഭാഗങ്ങൾക്കായി കെഡാവർ പരിശോധന തുടരുകയാണ്. ഇതോടെ മാത്രമേ കൃത്യം എത്രപേർ അപകടത്തിൽപ്പെട്ടുവെന്ന് വ്യക്തമാകൂ.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 10.30-ന് അവലോകന യോഗം ചേരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് യോഗം ചേരുന്നത്. സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും ദേവസ്വങ്ങളുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രിക്ക് സംഭവസ്ഥലത്ത് എത്താൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു.

أحدث أقدم