ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്… കാറിൽ കടത്തിയ 160 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി… ഒരാൾ അറസ്റ്റിൽ


കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന 160 ലിറ്ററോളം കർണ്ണാടക മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. ദക്ഷിണ കന്നഡ സ്വദേശി നിഖിൽ (28) ആണ് അറസ്റ്റിലായത്. കാസർകോട് ഭാഗത്തുനിന്നാണ് മദ്യശേഖരം പിടികൂടിയത്.

മദ്യവുമായി പിടിയിലായ നിഖിലിന് പുറമെ കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളും കേസിൽ പ്രതിയാണ്. എന്നാൽ എക്സൈസ് സംഘത്തെ കണ്ടതോടെ പ്രഭാകരൻ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രാവൺ കെ.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്.

സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം.എം, രാഹുൽ ഇ, ഡ്രൈവർ പ്രവീൺ കുമാർ പി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അതിർത്തി കടന്നുള്ള മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടികൂടിയ മദ്യവും വാഹനവും കോടതിയിൽ ഹാജരാക്കും

Previous Post Next Post