
ഈ മാസം നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോളുകൾ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. എക്സിറ്റ് പോളുകൾ സംപ്രേഷണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ 126A വകുപ്പിന്റെ ലംഘനമാണെന്നും രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ, ഏപ്രിൽ 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലും പുതുച്ചേരിയിലും വൈകീട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കുമ്പോൾ അസമിൽ അഞ്ച് മണിയോടെ പരസ്യപ്രചാരണം സമാപിച്ചു. ഇനിയുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണമാണ്.