
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കാനിങ്ങില്‍ ഗുരുതര പിഴവ്. 24 വയസുകാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന സ്‌കാനിങ് റിപ്പോര്‍ട്ടാണ് തെറ്റായി നല്‍കിയത്. മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തറിഞ്ഞത്. തിരിച്ചെത്തി മെഡിക്കല്‍ കോളജില്‍ ചോദിച്ചപ്പോള്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നാണ് ഗുരുതര ആരോപണം. യുവാവ് പരാതിയുമായി എത്തിയപ്പോള്‍ സ്‌കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോര്‍ട്ട് കൊടുത്ത് സംഭവം വേഗത്തില്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമവും നടന്നെന്നാണ് ആരോപണം.
കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ദുരനുഭവമുണ്ടായത്. ഷിഹാസെന്ന യുവാവ് ഫെബ്രുവരി മാസമാണ് വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. 2500 രൂപ അടച്ചാണ് യുവാവ് സിടി സ്‌കാന്‍ എടുത്തത്. പിന്നീട് ഇയാള്‍ രോഗം ഭേദമായതോടെ തുടര്‍ ചികിത്സയ്ക്ക് പോയിരുന്നില്ല. വേദന വീണ്ടും വന്നപ്പോള്‍ കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് അപഹാസ്യമായ സ്‌കാനിങ് റിപ്പോര്‍ട്ടിനെക്കുറിച്ച് ബോധ്യപ്പെട്ടത്. ഗര്‍ഭപാത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ റിപ്പോര്‍ട്ട് സ്ത്രീയുടേതാകാന്‍ സാധ്യതയുണ്ടെന്ന് പിന്നീട് ബോധ്യമാകുകയായിരുന്നു.