നിതിന്‍ രാജിന്റെ മരണം… ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍




തിരുവനന്തപുരം: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് നിതിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മരണത്തിന് പിന്നിൽ ലോൺ ആപ്പ് തട്ടിപ്പാണെന്ന് വരുത്തിതീർത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം.

മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക. പ്രതികളെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടുക. പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. നിതിൻ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക. എന്നീവയാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യങ്ങൾ.  

കോളേജിൽ നിലനിൽക്കുന്ന ജാതി അധിക്ഷേപങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും മാനേജ്‌മെന്റ് അത് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രസ്റ്റീജ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ ഉടമ ജബ്ബാർ ഹാജിക്കെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ട്. ഭൂമി കൈയേറ്റവും ചട്ടലംഘനങ്ങളും നടത്തിയ കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

കെ.കെ സുരേഷ് ചെയർമാനായും സണ്ണി എം. കപിക്കാട് ജനറൽ കൺവീനറുമായ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ, ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ നായനാർ ഓഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമുദായ-രാഷ്ട്രീയ സംഘടനകളുടെ തീരുമാനം.
Previous Post Next Post