
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വില കൂടുമെന്നാണ് നിലവിലെ സൂചന. പാലിന് വില കൂട്ടണമെന്ന മിൽമയുടെ ദീർഘനാളായുള്ള ആവശ്യം ഒടുവിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. വില വർധന നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിൽ ഉണ്ടാകും. നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആദ്യ ശുപാർശ. എന്നാൽ നാലു രൂപയുടെ വർധനവിനായിരിക്കും സർക്കാർ മുൻഗണന നൽകുന്നത്
നേരത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് സർക്കാർ ഈ അപേക്ഷ മാറ്റിവെച്ചിരുന്നു. എന്നാൽ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് മിൽമ ചെയർമാൻ കെ.എസ് മണി ആവർത്തിച്ച് വ്യക്തമാക്കിയതോടെയാണ് സർക്കാർ വഴങ്ങിയത്. വില വർധിപ്പിക്കാത്തത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു എന്ന പരാതിയുമായി എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇപ്പോൾ വില വർധനവിന് വഴിയൊരുങ്ങുന്നത്.