ഉപ്പള എടിഎം കവർച്ച… 50 ലക്ഷം തട്ടിയ ‘റാംജിനഗർ ഗ്യാങ്’ തലവൻ ഛത്തീസ്ഗഡിൽ പിടിയിൽ


കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാനായി എത്തിച്ച വാഹനത്തിൽ നിന്ന് 50 ലക്ഷം രൂപ കവർന്ന കേസിൽ കുപ്രസിദ്ധ ‘റാംജിനഗർ ഗ്യാങ്’ അംഗം പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖൻ (കിട്ടു) വിനെയാണ് മഞ്ചേശ്വരം പൊലീസ് സാഹസികമായി പിടികൂടിയത്. ഛത്തീസ്ഗഡിൽ വെച്ചാണ് പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത്.

2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ എടിഎമ്മുകളിൽ നിറയ്ക്കാൻ എത്തിച്ച പണമാണ് പ്രതികൾ തട്ടിയെടുത്തത്. വാഹനങ്ങൾ കുത്തിപ്പൊളിച്ച് ഉള്ളിലെ പണം കവരുന്നത് റാംജിനഗർ സംഘത്തിന്റെ സ്ഥിരം ശൈലിയാണ്. ഉപ്പളയിലും വാഹനത്തിന്റെ ഗ്ലാസ് തകർത്ത് മിനിറ്റുകൾക്കുള്ളിലാണ് അരക്കോടി രൂപയുമായി സംഘം കടന്നുകളഞ്ഞത്. കേസ് തെളിയിക്കാനായി നൂറിലധികം സിസിടിവി ക്യാമറകളും മൊബൈൽ ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ചിരുന്നു. മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.മറ്റൊരു കവർച്ചാ കേസിൽ റായ്പൂർ പൊലീസിന്റെ പിടിയിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോഴാണ് കേരള പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഈ കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. വാഹനങ്ങൾ തകർത്ത് കവർച്ച നടത്തുന്നതിൽ വൈദഗ്ധ്യമുള്ള അന്തർസംസ്ഥാന ഗുണ്ടാസംഘത്തിലെ കണ്ണിയാണ് അറുമുഖൻ. ഇയാളെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കവർച്ചാ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

أحدث أقدم