വോട്ട് രേഖപ്പെടുത്തുന്നവർക്കായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന പേരിൽ വേറിട്ട ക്യാമ്പയിനുമായി എത്തിയിരിക്കുകയാണ് സപ്ലൈകോയും ജില്ലാ ഭരണകൂടവും. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം കാണിച്ച് ഈ ഓഫർ പ്രയോജനപ്പെടുത്താം.സപ്ലൈകോയിൽനിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലെെനോടെയുള്ള ഈ ക്യാമ്പയിൻ അവതരിപ്പിക്കുന്നത്.