ആലപ്പുഴ: പത്തിയൂർ പഞ്ചായത്ത് ഗവൺമെന്‍റ് ഹൈസ്കൂൾ മൈതാനം നാടക പ്രദർശനത്തിന് വിട്ടുകൊടുത്തതിന്‍റെ പേരിൽ നാട്ടുകാർക്കിടയിലും സിപിഐ(എം) പ്രവർത്തകർക്കിടയിലും പ്രതിഷേധം രൂക്ഷമാകുന്നു. അടുത്തിടെ നിർമിച്ച സിപിഐ(എം) പത്തിയൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത തീർക്കുന്നതിനായി പാസ് മുഖേന നാടകം നടത്തി ഫണ്ട് സമാഹരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു.
എം എ അലിയാർ സാംസ്കാരിക വേദി എന്ന പേരിലാണ് നാടകം സംഘടിപ്പിക്കുന്നതെന്ന് ഒരു ലോക്കൽ കമ്മിറ്റി നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ, വി എസ് സാംസ്കാരിക വേദി എന്ന പേരിലാണ് പരിപാടിയെന്ന് അവകാശപ്പെട്ട് മറ്റൊരു ബ്രാഞ്ച് കമ്മിറ്റി ഭാരവാഹിയും രംഗത്തെത്തി. മെയ് മൂന്നിന് ആലപ്പുഴ മരുതം തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘മാടൻ മോക്ഷം’ എന്ന നാടകമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. എം എ അലിയാർ സ്മാരകം എന്നാണ് പുതിയ ലോക്കൽ കമ്മിറ്റി ഓഫീസിന് പേരിട്ടിരിക്കുന്നത്. ഇതിന് പുറമെ സ്റ്റേഡിയത്തിനും എം എ അലിയാർ സ്മാരകം എന്ന് നാമകരണം ചെയ്യുന്നത് മുൻപ് പഞ്ചായത്തിനെ നയിച്ചവരെയും പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.