‘

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാമാക്കി. സുരക്ഷ അവഗണിച്ചുള്ളതും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്നതുമായ മോഡിഫിക്കേഷനുകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ ചില നിർണായക തീരുമാനങ്ങൾ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മിതമായ രീതിയിലുള്ള പരിഷ്‌കരണങ്ങൾ ആകാം. എന്നാൽ ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ളതും, റോഡിൽ തീ പറത്തുന്ന തരത്തിലുള്ളതുമായ പരിഷ്‌കരണങ്ങൾ പാടില്ല. മോഡിഫിക്കേഷനുകൾ നടത്തുന്നവർ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തെറ്റുകളിൽ വലുത് ചെറുത് എന്ന് നോക്കാൻ കഴിയില്ല. മോഡിഫിക്കേഷന് ചുമത്തേണ്ട ചാർജുകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു. കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ സ്‌കൂൾ കുട്ടിയടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടമായ ദാരുണ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കും. ടിപ്പർ ലോറികൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നതിനേക്കാൾ ഫലപ്രദം നിയമലംഘനം നടത്തുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കൊട്ടാരക്കരയിൽ അപകടം നടന്നത് ടിപ്പറുകൾക്ക് നിയന്ത്രണമില്ലാത്ത സമയത്താണ്. രണ്ടോ മൂന്നോ മണിക്കൂർ അധികം നിയന്ത്രണം ഏർപ്പെടുത്തിയാൽ, ബാക്കി കിട്ടുന്ന സമയത്ത് അവർ ഇപ്പോഴത്തേതിലും വലിയ മരണപ്പാച്ചിലാവും നടത്തുക. അത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുകയേ ഉള്ളൂ. പകരം കടുത്ത നിയമനടപടികൾ എടുക്കുകയാണ് വേണ്ടത്. ഡ്രൈവർമാർ സ്വയം നിയന്ത്രിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ കഴിയൂ, എന്ന് മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് യാതൊരുവിധ എതിർപ്പും അറിയിച്ചിട്ടില്ലെന്ന് സി.പി. ജോൺ വ്യക്തമാക്കി. തങ്ങൾ ഇപ്പോൾ കാബിനറ്റിന്റെ (മന്ത്രിസഭയുടെ) ഭാഗമാണെന്നും അതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായങ്ങൾക്കല്ല പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ എന്താണോ പറഞ്ഞത്, അതുതന്നെയാണ് ശരിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു