കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം. ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം കസ്റ്റഡി അപേക്ഷ നൽകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വർ അറിയിച്ചു. രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ ഊർജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതിക്രമത്തെക്കുറിച്ച് ഷൂട്ടിംഗ് സെറ്റിലുള്ള ചിലർക്ക് അറിവുണ്ടായിരുന്നുവെന്ന് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ നടൻ ബോബി കുര്യൻ, സഹസംവിധായക ശാലിനി എന്നിവരെ ഉടൻ ചോദ്യം ചെയ്യും. അതിജീവിതയെ രഞ്ജിത്ത് ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ലെന്ന് ഡിസിപി അശ്വതി ജിജി പറഞ്ഞു. എന്നാൽ കാരവന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സിസിടിവിക്ക് ബാക്കപ്പ് ഇല്ലാത്തതാണ് ഇതിന് കാരണം.
കേസിൽ ഉൾപ്പെട്ട രണ്ട് കാരവനുകൾ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത് കൊച്ചിയിലെത്തിച്ചു. നിർമ്മാതാവ് വാടകയ്‌ക്കെടുത്തവയായിരുന്നു ഈ കാരവനുകൾ. അറസ്റ്റ് ഒഴിവാക്കാൻ രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി. പ്രശസ്തിക്ക് വേണ്ടി ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിലവിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതി നൽകാൻ അതിജീവിത വൈകിയതിൽ അസ്വാഭാവികതയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Kerala