പാമ്പാടിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി കുടിവെള്ള പദ്ധതി കൺവീനർമാരുടെ യോഗം വിളിച്ച് പാമ്പാടി ഗ്രാമ പഞ്ചായത്ത്



പാമ്പാടി :  :കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി കൺവീനർമാരുടെ യോഗം പഞ്ചായത്ത്‌ വക പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ വൈസ് പ്രസിഡന്റ്‌ ജോളി പി ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രതിസന്ധി നേരിടാൻ പഞ്ചായത്ത് സ്വീകരിച്ചിരിക്കുന്ന നടപടികളും സമിതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരുടെ അധ്യക്ഷതയിൽ സമിതി യോഗങ്ങൾ ചേരുവാൻ നിർദേശം നൽകി.വെള്ളത്തിന് റേഷനിംഗ് ഏർപ്പെടുത്തിയും ഊഴം വെച്ച് നൽകിയും വാൽവുകൾ വെച്ചും പൊതു പണം ഉപയോഗിച്ചു പൂർത്തീകരിച്ച് സമിതികൾക്ക് കൈ മാറിയ പദ്ധതികൾ സാമൂഹിക നീതി ഉറപ്പാക്കണമെന്നും അകത്തു കയറിയവർ അകത്ത് നിന്ന് കുറ്റി ഇടും വിധം കണക്ഷന് അപേക്ഷിക്കുന്നവരുടെ അപേക്ഷ നിരസിക്കുന്നതും ഇനി ആരും അപേക്ഷിക്കാതിരിക്കുവാൻ നീതീകരിക്കാൻ ആകാത്ത വിധമുള്ള കണക്ഷൻ ചാർജ് ആവശ്യപ്പെടുന്നതും അംഗീകരിക്കാൻ ആകില്ല. കൂടുതൽ പേർക്ക് ഗുണപ്പെടും വിധം നടത്തിയാൽ മാത്രമേ മേലിൽ പൊതു പണം ഇപ്പോഴുള്ള പദ്ധതികൾക്ക് ലഭിക്കുകയുള്ളു എന്നും, പുതിയ പദ്ധതികൾ ആരംഭിക്കുകയല്ല ഉള്ള ജല സ്രോതസുകളുടെ ആഴവും വിസ്തൃതിയും കൂട്ടി ജല ലഭ്യത വർധിപ്പിക്കണമെന്നും നിന്ന് പോയവ പുനരുജീവിപ്പിക്കണമെന്നും ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ കൂടി പങ്കെടുത്ത യോഗം തീരുമാനിച്ചു.കേടായ കുഴൽ കിണറുകളുടെ ഹാൻഡ് പമ്പുകൾ നന്നാക്കാനും നല്ല ജല ലഭ്യത ഉള്ളവ ചെറുകിട പദ്ധതികൾ ആക്കാനും നടപടി സ്വീകരിച്ചു വരുന്നു. സ്വകാര്യ കുടിവെള്ള വിതരണക്കാർ അന്യായ വില ഈടാക്കാൻ അനുവദിക്കില്ല.എല്ലാ വാർഡിലും തൊഴിൽ ഉറപ്പ് പദ്ധതിപ്രകാരം ഉടൻ നടത്തേണ്ടത് തോട് വൃത്തിയാക്കൽ ആകണം എന്ന് തീരുമാനിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജൂലി ജോസ് എന്നിവർ പ്രസംഗിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇൻസ്‌പെക്ടർ ബിജോ വി സുഗതന്റെ നേതൃത്വത്തിൽ പങ്കെടുത്ത് സാംക്രമിക രോഗങ്ങളെപ്പറ്റിയും മഴക്കാല പൂർവ്വ ശുചീകരണത്തെപ്പറ്റിയും ബോധവൽകരണം നടത്തി.പദ്ധതി കൺവീനർമാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു.
أحدث أقدم