കൊച്ചി: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ പ്രൊമോട്ടറുമായ റിൻസി മുംതാസ് വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ റസിഡൻസിയിൽ വെച്ച് മൂന്ന് യുവാക്കൾക്കൊപ്പമാണ് നെടുമ്പാശ്ശേരി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

എംജെ റസിഡൻസിയിൽ ലഹരി ഉപയോഗിക്കാനും വിൽപ്പന നടത്താനുമായി മുറിയെടുത്ത് കഴിയുകയായിരുന്നു സംഘം. പരിശോധനയിൽ ഇവരിൽ നിന്ന് 3.58 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിക്കൊപ്പം പിടിയിലായ മറ്റുള്ളവർ. 2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ‘ഡ്രഗ് ലേഡി’ എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്.

സിനിമാ പ്രൊമോഷൻ പരിപാടികളുടെ മറവിൽ ലൊക്കേഷനുകളിലും യുവതാരങ്ങൾക്കിടയിലും വ്യാപകമായി ലഹരി എത്തിച്ചുനൽകുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി മുംതാസ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായ ഇൻഫ്ലുവൻസറാണ്. ലഹരിമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.