ബൂത്ത് അറിയാൻ ഇനി നെട്ടോട്ടം വേണ്ട.. നിങ്ങളുടെ ഫോണിലൂടെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താം



കേരളം മണിക്കൂറുകൾക്കുള്ളിൽ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നലെ കേരളത്തെ ഞെട്ടിച്ച കൊട്ടിക്കലാശത്തിന് ശേഷം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ.

സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും.രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. നാളെ ഏത് ബൂത്തിലാണ് വോട്ടെന്ന് അറിയാത്തവർക്ക് അത് എളുപ്പത്തിൽ കണ്ടെത്താൻ വഴിയുണ്ട്. നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ഇത് കണ്ടെത്താം. ഇതിന് 3 വഴികളുണ്ട്. ആദ്യത്തെ വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കണ്ടെത്താമെന്നതാണ്.

ഇതിനായി ബ്രൌസറിൽ https://electoralsearch.eci.gov.in/ സെർച്ച് ചെയ്ത് തുറക്കുകയാണ് വേണ്ടത്. ശേഷം ഐഡി കാർഡിലെ 10 അക്ക എപിക് നമ്പർ നൽകണം. സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേരളം തെരഞ്ഞെടുക്കാം. ക്യാപ്ച കൂടി നൽകി സെർച്ച് ഓപ്ഷൻ സെലക്ട് ചെയ്യാം. അടുത്ത സ്ക്രീനിൽ നിങ്ങളുടെ പേര്, മണ്ഡലം, ബൂത്ത് നമ്പർ (പാർട്ട് നമ്പർ), സീരിയൽ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാകും. ഇനി വോട്ടർ ഐ ഡി കൈവശമില്ലാത്തവർക്കും ഇതെല്ലാം അറിയാൻ വഴിയുണ്ട്.

വോട്ടർപ്പട്ടികയുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുക.വെബ്സൈറ്റിൽ മൊബൈൽ നമ്പറും സംസ്ഥാനവും നൽകുക. ഒ ടി പി വെരിഫിക്കേഷൻ കൂടി പൂർത്തീകരിച്ചാൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇനി നിങ്ങളുടെ വിവരങ്ങൾ വച്ചും ബൂത്ത് അറിയാൻ വഴിയുണ്ട്. പേര്, വയസ്സ് (അല്ലെങ്കിൽ ജനനതീയതി), ബന്ധുവിന്റെ പേര്, ജില്ല, അസംബ്ലി മണ്ഡലം എന്നിവ നൽകിയും വോട്ട് എവിടെയാണെന്ന് കണ്ടെത്താം.
Previous Post Next Post